ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന സിനിമയുടെ പ്രദർശനത്തിലൂടെ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി ഡിജിപിക്ക് നിർദേശം നൽകി. ചുരുളി പൊതു ധാർമികതക്ക് നിരക്കാത്തത് ആണെന്നും ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിൽ നിന്നും പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശിയായ അഭിഭാഷകയാണ് ഹൈക്കോടതിയെ സമീപിച്ചത്
സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണ്. ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. എന്നാൽ പ്രഥമദൃഷ്ട്യാ സിനിമ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി
സിനിമ സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. അതിൽ കോടതിക്ക് കൈ കടത്താനാകില്ല. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണ്. വള്ളുവനാടൻ ഭാഷയോ കണ്ണൂർ ഭാഷയോ സിനിമയിൽ ഉപയോഗിക്കാൻ കോടതി എങ്ങനെയാണ് ആവശ്യപ്പെടുകയെന്നും ഹർജിക്കാരിയോട് കോടതി ചോദിച്ചു