സിബിഐ സീരീസിലെ അഞ്ചാം പതിപ്പ് പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലാണ്. ഒരേ കഥാപാത്രത്തെ നായകനാക്കി അഞ്ചാം ഭാഗമിറങ്ങുന്ന മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണിത്. സേതുരാമ അയ്യർ വീണ്ടും കേരളത്തിലേക്ക് അന്വേഷണത്തിന് എത്തുമ്പോൾ വിക്രം കൂടെയുണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. ജഗതി ശ്രീകുമാറാണ് വിക്രം എന്ന കഥാപാത്രത്തെ കഴിഞ്ഞ നാല് സിരീസുകളിലും അവതരിപ്പിച്ചിരുന്നത്. അപകടത്തെ തുടർന്ന് അഭിനയ രംഗത്തേക്ക് ജഗതി ഇതുവരെ തിരികെ എത്തിയിട്ടില്ല. എന്നാൽ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തകളാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകുന്നത്
സിബിഐ അഞ്ചാം പതിപ്പിലും ജഗതി ശ്രീകുമാർ അഭിനയിക്കുമെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. ജഗതിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരിക്കും ചിത്രീകരണം. നവംബർ 29ന് ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചിരുന്നു. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയാണ് അഞ്ചാം പതിപ്പും സംവിധാനം ചെയ്യുന്നത്. രമേശ് പിഷാരടി, ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി, സൗബിൻ ഷാഹിർ, സായ്കുമാർ തുടങ്ങിയവരും ചിത്രത്തിലുണ്ട്
1988ലാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങുന്നത്. 1989ൽ രണ്ടാം ഭാഗമായ ജാഗ്രത വന്നു. പിന്നീട് 2004ലാണ് മൂന്നാം ഭാഗമായ സേതുരാമയ്യർ എത്തുന്നത്. തൊട്ടടുത്ത വർഷം നേരറിയാൻ സിബിഐ എന്ന അഞ്ചാം പതിപ്പും എത്തി.