കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററില്‍ സേവനത്തിനായെത്തി നടി നിഖില വിമലും

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോള്‍ സെന്ററില്‍ സേവന സന്നദ്ധയായി നടി നിഖില വിമല്‍. അവശ്യസാധനങ്ങളും മരുന്നും വീട്ടിലെത്തിച്ചു നല്‍കാന്‍ ജില്ലാ പഞ്ചായത്തു തുടങ്ങിയ കോള്‍ സെന്ററിലാണ് താരമെത്തിയത്. ഫോണെടുത്തും സാധനങ്ങളുടെ വിവരങ്ങള്‍ കുറിച്ചെടുത്തും വീട്ടുവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും ലോക് ഡൗണിലായവരെ ആശ്വസിപ്പിക്കുന്നതായിരുന്നു നിഖിലയുടെ സംഭാഷണം.

ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതില്‍ കോള്‍ സെന്ററുകളും ഹോം ഡെലിവറിക്കും വലിയ പങ്കുണ്ടെന്നു തളിപ്പറമ്പ് സ്വദേശിയായ നിഖില പറഞ്ഞു.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, ഫുട്ബോള്‍ താരം സി.കെ.വിനീത്, വിനോദ് പൃത്തിയില്‍, അന്‍ഷാദ് കരുവഞ്ചാല്‍ തുടങ്ങിയവരും കോള്‍ സെന്ററിലുണ്ടായിരുന്നു.