അവൾ തിരിച്ചുവരും…. നമുക്ക് അവളെ കിട്ടും… നടി ബീന ആന്റണിക്ക് കോവിഡ്; കണ്ണുനിറഞ്ഞ് ഭർത്താവ് മനോജ് കുമാർ

 

നടി ബീന ആന്റണിക്ക് കോവിഡ്. നടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് ഭർത്താവും നടനുമായ മനോജ് കുമാർ വിഡിയോ സന്ദേശത്തിലൂടെ പ്രേക്ഷകരോട് പങ്കുവച്ചു. ഗുരുതരമായ അവസ്ഥയിലൂടെയാണ് ബീന കടന്നുപോയതെന്നും ഡോക്ടർമാരുടെ സഹായത്തോടെയും ഈശ്വരന്റെ അനുഗ്രഹത്താലുമാണ് രക്ഷപ്പെട്ടതെന്നും മനോജ് പറയുന്നു. കോവിഡിനെ നിസാരമായി കാണരുതെന്നും മനോജ് പറയുന്നു. മകനൊപ്പമാണ് മനോജ് വീഡിയോ ചെയ്തിരിക്കുന്നത്.

ജീവിതത്തിൽ ഇങ്ങനെയൊരു അവസ്ഥ എനിക്ക് ഉണ്ടായിട്ടില്ല. തീച്ചൂളയുടെ അകത്തുകൂടി പോകുന്ന അവസ്ഥയിലാണ് ഞാൻ. പഞ്ചാഗ്നി മധ്യത്ത് നിൽക്കുന്ന അവസ്ഥയായിരുന്നു. നാല് ദിവസം എന്റെ അവസ്ഥ അങ്ങനെയായിരുന്നു. ലോക്ഡൗൺ തുടങ്ങും മുമ്പ് ഒരു ഷൂട്ടിനു പങ്കെടുക്കാൻ പോയപ്പോൾ അവിടെയൊരാൾക്ക് കോവിഡ് പോസിറ്റീവായിരുന്നു. അതിനുശേഷമാണ് ബീനയ്ക്കും പോസിറ്റീവായത്. തൊണ്ടവേദനയും, ശരീരവേദനയുമായിട്ടായിരുന്നു തുടക്കം. അപ്പോൾ തന്നെ ബീന റൂം ക്വാറന്റീനിലേയ്ക്ക് മാറിയിരുന്നു. അതിനുശേഷമാണ് പരിശോധിച്ചത്, അതോടെയാണ് പോസിറ്റീവാണെന്നറിഞ്ഞത്.

സഹോദരിക്കും കുട്ടിക്കും കുറച്ചുദിവസം മുമ്പ് പോസിറ്റീവായിരുന്നു, അവ‍ർ റൂം ക്വാറന്റൈനിൽ ഇരുന്ന് രോഗം മാറിയിരുന്നു. ബീനയും അതുപോലെ റൂം ക്വാറന്‍റീനിൽ ഇരുന്ന് മാറുമെന്ന് കരുതി. പക്ഷേ ഓക്സിമീറ്റര്‍ വച്ച് നോക്കിയപ്പോള്‍ ഓക്സിജൻ കുറയുന്നതായി തോന്നി, ചുമയും ക്ഷീണവുമുണ്ടായിരുന്നു. പക്ഷേ ആശുപത്രിയിൽ പോകാൻ ബീനയ്ക്ക് പേടിയായിരുന്നു.പേടിയുള്ള അവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചാൽ അവള്‍ മാനസികമായും തകരും എന്ന് അറിയാമായിരുന്നു. അതുകൊണ്ട് ഡോക്ടർമാരെ ഫോൺവിളിച്ച് ചികിത്സ തുടർന്നു. എന്നാൽ ദിവസം കഴിയുന്തോറും അവളുടെ ആരോഗ്യം കുറഞ്ഞുവരുന്നതായി തോന്നി. ഇനിയും വച്ചുകൊണ്ടിരുന്നാൽ ആപത്താകുമെന്ന് ഞാൻ പറഞ്ഞു. ഇതു പറഞ്ഞതോടെ അവൾ കരച്ചിലായി. എന്തുചെയ്യാനാകും. പോയല്ലേ പറ്റൂ. അങ്ങനെ സ്നേഹപൂർവം ശാസിച്ച് നിർബന്ധിച്ചാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുറത്ത് ധൈര്യം കാണിച്ചാണ് ഞാൻ അവളെ ആശുപത്രിയിലേയ്ക്ക് അയയ്ക്കുന്നത്. എറണാകുളം മെഡിക്കൽ സെൻട്രലിലാണ് അഡ്മിറ്റ് ചെയ്തത്.

ആന്റിജെൻ ടെസ്റ്റ് നെഗറ്റിവ് ആയിരുന്നു. പക്ഷേ അതിനു മുമ്പേ തന്നെ കോവിഡ് ചികിത്സ തുടങ്ങി. പിറ്റേദിവസം ആർടിപിസിആറിൽ കോവിഡ് പോസിറ്റിവ് ആയിരുന്നു. ഭാഗ്യത്തിന് അവിടെയൊരു റൂം കിട്ടി. നെഞ്ചിന്റെ രണ്ടുവശത്തും ന്യുമോണിയ തുടങ്ങിയതായി കണ്ടെത്തി. പേടിക്കേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർ പറഞ്ഞു. ഓരോ ദിവസവും ന്യുമോണിയ കൂടി വരുന്നതായി ഇവർ പറയുന്നു. ഇതൊക്കെ ഞാൻ ആരോടും പറഞ്ഞില്ല, ഇതിനിടെ ബീന വിളിക്കും. അവളോട് എന്തെങ്കിലും പറയാൻ പറ്റുമോ? ഇവർ എന്നെ വലിയ മഹാരോഗിയെപ്പോലെ കാണുന്നുവെന്നൊക്കെ എന്നോടു പറഞ്ഞു. അപ്പോഴും ഞാൻ ഒന്നും അവളോടു പറഞ്ഞില്ല.