ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം സല്യൂട്ടിന്റെ റിലീസ് മാറ്റിവെച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റുവാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. പുതിയ തീയതി പിനീട് പ്രഖ്യാപിക്കും.
എല്ലാവരുടെയും ആരോഗ്യവും സുരക്ഷയുമാണ് പ്രധാനമെന്ന് വാർത്ത പുറത്തു വിട്ട് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ജനുവരി 14നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പൊലീസ് മൂവി കൂടിയാണ് സല്യൂട്ട്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ. ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. നേരത്തെ പാൻ ഇന്ത്യൻ ചിത്രങ്ങളായ ആർ.ആർ.ആർ, വാലിമൈ തുടങ്ങിയ ചിത്രങ്ങളും റിലീസ് മാറ്റിയിരുന്നു.