ഇന്ദ്രന്‍സിന്‍റെ ‘ഹോം’ ബോളിവുഡിലേക്ക്

അഭിനയവ് മികവ് കൊണ്ട് ഇന്ദ്രന്‍സ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചിത്രമായിരുന്നു ഹോം. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ ആയിരുന്നു ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. മികച്ച കുടുംബ ചിത്രം എന്ന അഭിപ്രായം നേടിയ സിനിമ ഇപ്പോള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. നിര്‍മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇന്ത്യയിലെ പ്രമുഖ നിർമാണക്കമ്പനിയായ അബൻടൻഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ്സും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമിക്കുക ഫ്രൈഡേ ഫിലിംസിന്‍റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരിക്കും ഹോം റീമേക്ക്.

”21 വർഷം മുമ്പ് ഞാൻ മുംബൈയിൽ എന്‍റെ കരിയർ ആരംഭിച്ചപ്പോൾ, മുംബൈ ടൈംസിന്റെ ഒന്നാം പേജിൽ ഇടംനേടാനും ഒരു ദിവസം ബോളിവുഡിൽ ഭാഗമാകുന്നതും ഞാൻ സ്വപ്നം കണ്ടു. “ഹോം” അത് സാധ്യമാക്കി. ഈ യാത്രയുടെ ഭാഗമായ എല്ലാവരെയും ഓർക്കുന്നു. കൂടാതെ ജീവിതത്തിലെ എല്ലാ ഉയർച്ചകളും താഴ്ചകളും ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. അങ്കമാലി ഡയറീസിനു ശേഷം രണ്ടാം തവണയും അബൻടൻഷ്യയ്‌ക്കൊപ്പം ചേരുന്നതിൽ ആവേശം! ഹിന്ദി റീമേക്കിലൂടെ ഹോം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കാത്തിരിക്കുന്നു” വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. ഹോം പോലെ മനോഹരമായതും കാലികപ്രസക്തിയുള്ളതുമായ ഒരു ചിത്രം റീമേക്ക് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അബൻടൻഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ് സ്ഥാപകനും സി.ഇ.ഒയുമായ വിക്രം മല്‍ഹോത്ര പറഞ്ഞു.

ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ഹോം. ഇന്ദ്രന്‍സിനെ കൂടാതെ മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലിന്‍, ജോണി ആന്‍റണി, മഞ്ജു പിള്ള, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, ദീപ തോമസ്, വിജയ് ബാബു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.