മരണത്തിന് മുമ്പ് മണിക്കൂറുകളോളം സുശാന്ത് ഗൂഗിളില്‍ തിരഞ്ഞത്? ആരാധകരെ ഞെട്ടിച്ച വെളിപ്പെടുത്തല്‍

സുശാന്ത് സിംഗ് മരണപ്പെട്ട ദിവസം ഗൂഗിളിൽ തിരഞ്ഞത് “വേദനയില്ലാത്ത മരണം” കൂടാതെ മുൻ മാനേജർ ദിഷാ സാലിയന്റെയും സ്വന്തം പേരുമാണെന്നും മുംബൈ പോലീസ്. നടന് ബൈപോളാർ ഡിസോർഡർ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലെത്തിയിരിക്കയാണ് മുംബൈ പോലീസ്. നടൻ ചികത്സയിലായിരുന്നുവെന്നും ഇതിനുള്ള മരുന്നുകൾ കഴിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. സുശാന്തിനെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷണ വിഷയമാണെന്നും മുംബൈ പോലീസ് മേധാവി പരം ബിർ സിംഗ് പറഞ്ഞു.

മാനസികാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങങ്ങളെ അടയാളപ്പെടുത്തുന്ന ഒരു മാനസിക രോഗമായാണ് ബൈപോളാർ ഡിസോർഡർ കണക്കാക്കുന്നത്. മാനിയ എന്ന ഉയർന്ന മാനസികാവസ്ഥയുടെ ലക്ഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു. കടുത്ത വിഷാദരോഗമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിക്കുന്നത്.

നടൻ സുശാന്ത് സിംഗ് രജ്പുത് മരിക്കുന്നതിന് മുമ്പുള്ള മാസങ്ങളിൽ ബൈപോളാർ ഡിസോർഡറിനായി മരുന്ന് കഴിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ പുറത്തു വിട്ട വിവരങ്ങളെ പരാമർശിച്ചു കൊണ്ട് മുംബൈ പോലീസ് പറഞ്ഞു.

നടന്റെ മൊബൈൽ ഫോണിൽ നിന്നും ലാപ്‌ടോപ്പിൽ നിന്നുള്ള വിശദാംശങ്ങളാണ് പോലീസ് പുറത്ത് വിട്ടത്. കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് വീണു മരിച്ചുപോയ ദിഷാ സാലിയനുമായി നടനെ ബന്ധിപ്പിക്കുന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാകാം ഗൂഗിളിൽ തിരച്ചിൽ നടത്തിയതെന്നും പോലീസ് അനുമാനിക്കുന്നു.

അന്വേഷണത്തിനിടെ വ്യക്തമാക്കിയ വസ്തുതകളിലൊന്ന് മരണത്തിന് തലേദിവസം രാത്രി സുശാന്ത് സിംഗ് രാജ്പുതിന്റെ അപ്പാർട്ട്മെന്റിൽ ഒരു പാർട്ടിയും ഉണ്ടായിരുന്നില്ലെന്നതാണെന്നും പോലീസ് വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ ഒരു യുവ രാഷ്ട്രീയക്കാരൻ പങ്കെടുത്ത പാർട്ടി എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകളിൽ അടിസ്ഥാനമില്ലെന്നും പോലീസ് പറയുന്നു. ഒരു രാഷ്ട്രീയക്കാരനെതിരെയും ഇത് വരെ തെളിവുകളില്ലെന്നും പോലീസ് മേധാവി പറഞ്ഞു.