തിരുവനന്തപുരം: വ്യാപനശേഷി കൂടിയ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ദക്ഷിണാഫ്രിക്ക ഉള്‍പ്പടെ എട്ട് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. ദക്ഷിണാഫ്രിക്കയില്‍ പുതിയ വകഭേദമായ സി.1.2 വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
സി.1.2 വൈറസിനെ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ന്യുസിലാൻഡ്, പോർച്ചുഗൽ അടക്കം ഏഴു രാജ്യങ്ങളിൽ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയിൽ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. 2019 ൽ വുഹാനിൽ കണ്ടെത്തിയ ആദ്യ വൈറസിൽനിന്ന് ഏറെ വ്യത്യസ്തമാണെന്നും ഗവേഷകർ പറയുന്നു.
അതേസമയം, സി.1.2 എന്ന പുതിയ വൈറസ് വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നും വാക്സിനെ മറികടക്കുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. പുതിയ വേരിയന്റിന് കൂടുതല്‍ മ്യൂട്ടേഷനുകള്‍ ഉണ്ടാകുമെന്നും വേരിയന്റിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നുമാണ് ഗവേഷകരുടെ ആവശ്യം.