പരീക്ഷകള്‍ ഇന്ന് മുതൽ പുനഃരാരംഭിക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഒട്ടും കൈവിടരുതെന്ന് ആരോഗ്യ വകുപ്പ്. പരീക്ഷാ നടത്തിപ്പ് നോടനുബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിനും നിര്‍ദേശം.
സ്കൂള്‍ ജീവനക്കാരും, വിദ്യാര്‍ഥികളും,അധ്യാപകരും എന്‍ 95 മാസ്ക് അല്ലെങ്കില്‍ മൂന്നു ലെയര്‍ തുണികൊണ്ടുള്ള മാസ്ക് ധരിക്കേണ്ടതാണ്.പരീക്ഷ ഹാളില്‍ കയറുന്നതിനു മുന്‍പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് 20 സെക്കന്‍ഡ് ശാസ്ത്രീയമായി കഴുകേണ്ടതാണ്.
പരീക്ഷ നടക്കുന്ന ക്ലാസ് മുറികളില്‍ ജനലുകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കുകയും,
സാമൂഹിക അകലം ഉറപ്പുവരുത്തി ഇരിപ്പിടങ്ങള്‍ ക്രമീകരിക്കേണ്ടതുമാണ്. പരീക്ഷ ഹാളിന് പരിസരത്ത് കൂട്ടംകൂടി നില്ക്കാന് അനുവദിക്കരുത്. സ്കൂള്‍ കവാടത്തില്‍ കൈകഴുകാന്‍ ഉള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്.
പനി, ചുമ , തുമ്മല്‍ എന്നീ രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളെയും ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഉള്ള വീടുകളില്‍ നിന്ന് വരുന്ന കുട്ടികളെയും പ്രത്യേക മുറിയിലിരുത്തി പരീക്ഷ എഴുതിക്കണം. പരീക്ഷാ ഹാളുകളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഒരുക്കണം. പരീക്ഷ കഴിഞ്ഞു ഹാളും ഇരിപ്പിടവും മേശയും അണുവിമുക്തമാക്കുകയും ചെയ്യേണ്ടതാണ്.
പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്
കുടിവെള്ളം വിദ്യാര്‍ഥികള്‍ സ്വന്തമായി കൊണ്ടുവരണം. പരീക്ഷയ്ക്ക് ആവശ്യമായ മറ്റ് വസ്തുക്കളും സ്വന്തമായി കരുതണം .ഒരു സാധനവും മറ്റു വിദ്യാര്‍ഥികളുമായി പങ്കു വയ്ക്കരുത് . കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള ശുചിമുറികള്‍ മാത്രം ഉപയോഗിക്കുക. പരീക്ഷ കഴിഞ്ഞ് ഹാളില്‍നിന്ന് ക്യൂവില്‍ അകലം പാലിച്ച് മാത്രം പുറത്ത് വരേണ്ടതാണ്. കൂട്ടുകാരുമായി കൂട്ടം കൂടി നിന്ന് സംസാരിക്കരുത്. കണ്ടയിന്മെന്റ് സോണ്‍, ഹോട്ട്സ്പോട്ട് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍, ക്വാറന്റൈന് സമയം പൂര്‍ത്തിയാക്കാത്തവര്‍, ചെറിയ രീതിയിലെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ ഇത്തരം വിദ്യാര്‍ഥികള്‍ ഈ വിവരങ്ങള്‍ പരീക്ഷാകേന്ദ്രത്തില്‍ നേരത്തെ അറിയിക്കണം.