സംസ്ഥാനത്ത് വാക്‌സിനേഷന്റെ വേഗത വർധിപ്പിക്കാൻ വിദഗ്ധ സമിതി നിർദേശം

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വാക്‌സിനേഷൻ വേഗത്തിലാക്കാൻ വിദഗ്ധ സമിതിയുടെ നിർദേശം. അർഹരായവരുടെ രണ്ടാം ഡോസ്  രണ്ടാഴ്ചക്കുള്ളിൽ തൊണ്ണൂറ് ശതമാനത്തിലെത്തിക്കാനാണ് നിർദേശം. നിലവിൽ വാക്‌സിനേഷന്റെ കാര്യത്തിൽ സംസ്ഥാനത്ത് വേഗത കുറഞ്ഞത് ആശങ്കയുണ്ടാക്കുന്നതാണെന്ന് വിദഗ്ധ സമിതി വിലയിരുത്തി

ഒമിക്രോൺ വകഭേദം കേരളത്തിൽ സ്ഥിരീകരിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ അടിസ്ഥാന തത്വങ്ങൾ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിർദേശം നൽകണമെന്ന് വിദഗ്ധ സമിതി ആവശ്യപ്പെടുന്നു.

ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നെത്തിയവരെ പ്രത്യേകം നിരീക്ഷിക്കണം. ആവശ്യമെങ്കിൽ പ്രത്യേക വാർഡുകൾ സജ്ജീകരിച്ച് അവിടേക്ക് മാറ്റണം. ഇവർ പോസീറ്റീവായൽ ജനിതക ശ്രേണീകരണം നടത്തി ഒമിക്രോൺ വകഭേദം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പ് വരുത്തണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.