കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ കുരുക്ക് മുറുകുന്നു. സ്വർണം കൊണ്ടുവന്നത് അർജുൻ ആയങ്കിക്ക് നൽകാനാണെന്ന് സ്വർണവുമായി കരിപ്പൂരിലെത്തിയ മുഹമ്മദ് ഷെഫീഖ് വെളിപ്പെടുത്തി. ദുബൈയിൽ നിന്നും സ്വർണം കൈമാറിയവർ അർജുൻ വരും എന്നാണ് തന്നെ അറിയിച്ചത്.
സ്വർണവുമായി വരുന്ന ദിവസം 25ലേറെ തവണ അർജുൻ തന്നെ വിളിച്ചു. കൂടുതലും വാട്‌സാപ്പ് കോളുകളായിരുന്നു. ഇരുവരെയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് മുഹമ്മദ് ഷഫീഖ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ സ്വർണക്കടത്തിൽ കൂട്ടുനിന്നിട്ടില്ലെന്ന നിലപാട് അർജുൻ ആവർത്തിച്ചു.
കടം നൽകിയ പണം വിദേശത്ത് നിന്നെത്തുന്ന ഷഫീഖിൽ നിന്ന് തിരികെ വാങ്ങാനാണ് താൻ കരിപ്പൂരിലെത്തിയതെന്ന് അർജുൻ പറയുന്നു. എന്നാൽ അർജുന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും സ്വർണക്കടത്തിൽ അർജുന്റെ പങ്ക് തെളിയിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു.