ഭാര്യയെയും മക്കളെയും വീട്ടില്‍ നിന്നും അടിച്ചിറക്കിയ ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: മദ്യപിച്ചെത്തി ഭാര്യയേയും മക്കളേയും ഭാര്യാമാതാവിനേയും വീട്ടില്‍ നിന്ന് അടിച്ചിറക്കിയ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവാലി നടുവത്ത് സ്വദേശി കല്ലിടുമ്പന്‍ ഷമീറിനെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. സ്ത്രീകള്‍ക്കെതിരായ ആക്രമണം, ഭാര്യയുടെ ആഭരണവും പണവും കൈക്കലാക്കല്‍, കുട്ടികള്‍ക്കെതിരായ പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. സ്ഥിരം മദ്യപാനിയായ ഷമീര്‍ രാത്രി 10 മണിയോടെ മദ്യപിച്ചെത്തി ഭാര്യയോട് വഴക്കിട്ട് കുട്ടികള്‍ക്കൊപ്പം വീട്ടില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. 4 വയസും, ഒന്നരവയസും പ്രസവിച്ച് 21 ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളുമാണുണ്ടായിരുന്നത്. 50 വയസുള്ള ഭാര്യ മാതാവിനേയും ഇവര്‍ക്കൊപ്പം ഇറക്കിവിട്ടു. റോഡിലേക്കിറങ്ങിയ ഇവര്‍ ആശ പ്രവര്‍ത്തകരെ ബന്ധപ്പെട്ടാണ് മലപ്പുറം സ്‌നേഹിതയിലേക്കെത്തിയത്. ഭാര്യയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.