പൂനെയില്‍ മലയാളി യുവതി പ്രീതി അഖിലിന്റെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രീതി അഖിലിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ആന്തരികാവയവങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
കഴുത്തില്‍ കുരുക്കുണ്ടായെന്നും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യയാണോ എന്ന കാര്യത്തില്‍ പരിശോധന നടക്കുകയാണ്. ഭര്‍ത്താവില്‍ നിന്ന് മുന്‍പ് നേരിട്ട ശാരീരിക മര്‍ദനങ്ങളും പരിശോധിക്കും.
യുവതിക്ക് ഭര്‍തൃവീട്ടില്‍ മര്‍ദനമടക്കമുള്ള പീഡനങ്ങള്‍ നേരിടേണ്ടിവന്നതായി ഫോട്ടോകള്‍ അടക്കം പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനക്കുറ്റമാണ് ചുമത്തിയത്. ഇയാളുടെ മാതാവിനെയും ചോദ്യം ചെയ്യാനായി വിളിപ്പിക്കും. അറസ്റ്റുണ്ടാകുമെന്നാണ് വിവരം.