ഇരട്ട വോട്ടുകൾ 38,586 എണ്ണം മാത്രം; പട്ടികയിൽ പേര് പ്രത്യേകം രേഖപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 38,586 പേർക്ക് ഇരട്ടവോട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ. പട്ടികയിൽ ഇവരുടെ പേര് പ്രത്യേകം അടയാളപ്പെടുത്തും. ഇരട്ടവോട്ടുള്ള വ്യക്തിയെ കയ്യിലെ മഷി ഉണങ്ങിയതിനു ശേഷം മാത്രമേ ബൂത്തിന് പുറത്തിറങ്ങാൻ സമ്മതിക്കുകയുള്ളൂ.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വിശദീകരണം നൽകിയത്. ഹർജിയിൽ നാളെ കോടതി വിധി പറയും. അതേസമയം ഇരട്ടവോട്ടുകൾ തടയുന്നതിന് പ്രതിപക്ഷ നേതാവ് നാല് നിർദേശങ്ങൾ ഹൈക്കോടതിയ്ക്ക് കൈമാറി.

 

ഒന്നിലധികം വോട്ടുള്ളവർ ഏത് ബൂത്തിൽ ആണ് വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് ബിഎൽഒമാർ മുൻകൂട്ടി രേഖാമൂലം എഴുതി വാങ്ങണം. ഇതിന്റെ വിശദാംശങ്ങൾ ബന്ധപ്പെട്ട പ്രിസൈഡിങ് ഓഫീസർമാർക്ക് തെരഞ്ഞെടുപ്പിന് മുമ്പ് കൈമാറണമെന്നാണ് ഒരു നിർദേശം. ഇരട്ടവോട്ടുള്ളവർ വോട്ട് ചെയ്യാനെത്തുമ്പോൾ മറ്റൊരു വോട്ട് ചെയ്തിട്ടില്ലെന്ന് പ്രിസൈഡിങ് ഓഫീസർക്ക് സത്യവാങ്മൂലം നൽകണം.