കെ റെയിലിനെതിരെ അടുത്തമാസം 18ന് യു ഡി എഫ് സമരം

തിരുവനന്തപുരം: നിര്‍ദിഷ്ട കെ റെയില്‍ പദ്ധതിക്കെതിരെ യു ഡി എഫ് സമരം ശക്തമാക്കുന്നു. 18ന് സെക്രട്ടേറിയറ്റിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്താന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യു ഡി എഫ് യോഗത്തില്‍ തീരുമാനം. കെ റെയില്‍ നടപ്പാക്കുന്ന അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതി ജനവിരുദ്ധമാണെന്നും പദ്ധതിയെ എതിര്‍ക്കുമെന്നും നേരത്തെ യു ഡി എഫ് അറിയിച്ചിരുന്നു. ഇതിന്റെ പ്രത്യക്ഷ സമരമാണ് യു ഡി എഫ് യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ നിര്‍ണായക യോഗത്തില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നു.

കെ സുധാകരനും വി ഡി സതീശനും പാര്‍ട്ടി നേതൃത്വത്തിലെത്തിയതോടെ ഇരുനേതാക്കളും പലഘട്ടത്തിലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുനേതാക്കളും തിരുവനന്തപുരത്തുണ്ടായിട്ടും യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. കെ പി സി സി നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടില്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും അതൃപ്തിയുണ്ട്. ഹൈക്കമാന്റ് ഇടപെട്ടിട്ടും കൂടിയാലോചന നടത്തുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യു ഡി എഫ് യോഗത്തില്‍ നിന്നും വിട്ടുനിന്നത്.