നന്ദകുമാർ കളരിക്കലിനെ ചുമതലകളിൽ നിന്ന് മാറ്റി; സമരം അവസാനിപ്പിക്കില്ലെന്ന് ദീപ

 

എം ജി സർവകലാശാല നാനോ സയൻസ് സെന്റർ ഡയറക്ടർ സ്ഥാനത്ത് നിന്ന് നന്ദകുമാർ കളരിക്കലിനെ മാറ്റി. ശനിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാന സർക്കാർ നിർദേശം പരിഗണിച്ചാണ് സിൻഡിക്കേറ്റ് നടപടിയെടുത്തത്. സർവകലാശാല വൈസ് ചാൻസലർ സാബു തോമസ് പകരം ചുമതല ഏറ്റെടുത്തു

നന്ദകുമാർ വിദേശത്തായതിനാലാണ് ചുമതല മാറ്റിയതെന്നാണ് സർവകലാശാലയുടെ വിശദീകരണം. എം ജി സർവകലാശാലയിൽ ഗവേഷണത്തിനെത്തിയ തന്നോട് ജാതീയപരമായ വിവേചനം നന്ദകുമാർ കാണിച്ചതായി ദീപ പി മോഹൻ എന്ന വിദ്യാർഥിനി പരാതിപ്പെട്ടിരുന്നു. ദളിത് വിദ്യാർഥിയായതിന്റെ പേരിൽ തന്നെ ഗവേഷണം പൂർത്തിയാക്കാൻ നന്ദകുമാർ അനുവദിക്കുന്നില്ലെന്നും ദീപ ആരോപിച്ചിരുന്നു

നന്ദകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ദീപ നടത്തിയ നിരാഹാര സമരം ശക്തമായതോടെയാണ് സർക്കാർ ഇടപെട്ടത്. ദീപക്ക് നീതി ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിൻഡിക്കേറ്റ് യോഗം ചേർന്ന് നന്ദകുമാറിനെ ചുമതലകളിൽ നിന്ന് മാറ്റിയത്.

എന്നാൽ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന് ദീപ പ്രതികരിച്ചു. നന്ദകുമാറിനെതിരായ നടപടി കണ്ണിൽ പൊടിയിടാനാണ്. നന്ദകുമാറിനെ വകുപ്പിൽ നിന്ന് പിരിച്ചുവിടുന്നതു വരെ സമരം തുടരും. സർക്കാർ ഇക്കാര്യത്തിൽ നേരിട്ട് ഇടപെടണമെന്നും ദീപ പറഞ്ഞു.