തട്ടിയെടുക്കുന്ന സ്വർണം പങ്കുവെക്കുന്നതിൽ ടി പി വധക്കേസ് പ്രതികളുമുണ്ടെന്ന് ശബ്ദരേഖ. കള്ളക്കടത്ത് സ്വർണം പൊട്ടിക്കാനായി ക്വട്ടേഷൻ സംഘം തയ്യാറെടുക്കുന്നതിന്റെ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. സ്വർണം എങ്ങനെ കൊണ്ടുവരണം, എന്ത് ചെയ്യണം, ആർക്ക് വേണ്ടിയാണ് കൊണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് പുറത്തുവന്ന സംഭാഷണത്തിലുള്ളത്.
ഒരു ഭാഗം പൊട്ടിക്കുന്നവർക്ക്, ഒരു പങ്ക് കടത്തുന്നവർക്ക്, മൂന്നാമത്തെ പങ്ക് കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരടങ്ങുന്ന ടീമിന് എന്നാണ് പറയുന്നത്. ഇതിൽ കൊടി സുനി, മുഹമ്മദ് ഷാഫി തുടങ്ങിയ സംഘത്തെ പാർട്ടിയെന്നാണ് സംഭാഷണത്തിൽ വിശേഷിപ്പിക്കുന്നത്.
സംഭാഷണത്തിൽ പറയുന്നത്.
എയർ പോർട്ടിൽ നമ്മുടെ ടീം കൂട്ടാൻ വരും. നീ വന്ന് വണ്ടിയിൽ കയറുകയേ വേണ്ടു. ഷാഫിക്കയോ ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ ഇവരിൽ മൂന്നിൽ രണ്ട് പേർ ഒന്നിച്ചുണ്ടാകും. പിന്നെ എന്റെ ഒരു അനിയനുമുണ്ടാകും. മൂന്നിൽ ഒന്ന് പാർട്ടിക്കായി കൊണ്ടുവരുന്നത് നിന്നെ സെയ്ഫ് ആക്കാനാണ്. കണ്ണൂർ കോഴിക്കോട് ജില്ലകളിൽ പാർട്ടിയിലെ കളിക്കാർ ആരാണെന്ന് അറിയില്ലേ. അതാണ് മൂന്നിലൊന്ന് പാർട്ടിക്കാർക്ക് കൊടുക്കുന്നത്.
പൊട്ടിച്ചതിന് പിന്നിൽ ഷാഫിക്കയും ടീമും ആണെന്ന് അറിഞ്ഞാൽ പിന്നെ അന്വേഷണമുണ്ടാകില്ല. ഒറ്റയ്ക്കാണെന്ന് അറിഞ്ഞാൽ മാസങ്ങൾ കഴിഞ്ഞാലും നിന്നെ പിന്തുടരും. പാർട്ടിക്കുള്ളിൽ നിന്ന് വിളിച്ചു പറയും നമ്മളാണ് എടുത്തത്, പറ്റിപ്പോയി എന്ന്. അതുകൊണ്ട് ബേജാറാകേണ്ട, നാല് മാസത്തിനുള്ളിൽ ഒരു പാട് ഗെയിം നടന്നിട്ടുണ്ട്. ഇങ്ങനെയാണ് ഫോൺ സംഭാഷണത്തിലുള്ളത്.