മലപ്പുറം ജില്ലയിൽ സമൂഹവ്യാപന ആശങ്ക ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം ജില്ലയിൽ സമൂഹവ്യാപന ആശങ്ക ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.ജില്ലയിൽ രോഗം സ്ഥിരീകരിച്ച 5 പേരും ആരോഗ്യ പ്രവർത്തകരാണ്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്. ജില്ലയിലെ നാല് പഞ്ചായത്തുകളും പൊന്നാനിയിലെ 47 വാർഡുകളും, പുൽപ്പറ്റ പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്ൻമെൻറ് സോണുകളാക്കി മാറ്റി.

എടപ്പാൾ ശുകപുരം ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം കണ്ണഞ്ചിറ സ്വദേശി, ഇതേ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റുമാരായ എടപ്പാൾ തുയ്യംപാലം സ്വദേശിനി, വട്ടംകുളം ശുകപുരം സ്വദേശിനി, എടപ്പാൾ ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം ശുകപുരം സ്വദേശി, സ്റ്റാഫ് നഴ്സ് എടപ്പാൾ പൊറൂക്കര സ്വദേശിനി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയാണ് രോഗബാധ കണ്ടെത്തിയത്. എന്നാൽ രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.

പ്രദേശത്ത് സാമൂഹ്യ വ്യാപന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ വട്ടംകുളം, എടപ്പാൾ, മാറഞ്ചേരി , ആലങ്കോട് പഞ്ചായത്തുകൾ പൂർണ്ണമായും പൊന്നാനി മുൻസിപ്പാലിറ്റിയിലെ 47 വാർഡുകളും , പുൽപ്പറ്റ പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്ൻമെൻറ് സോണുകളാക്കി മാറ്റി.

ജില്ലയിൽ ഇതുവരെ സമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല എന്നാണു ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. എന്നാൽ ഇനിയും രോഗവ്യാപന സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ ആളുകൾ അനാവശ്യമായി പുറത്ത് ഇറങ്ങുന്നതും, കൂട്ടംകൂടുന്നതും ഒഴിവാക്കാനും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുണ്ട്. കണ്ടെയ്ൻമെൻറ് മേഖലകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുകയും ചെയ്തു. 466 പേർക്കാണ് ജില്ലയിൽ ഇത് വരെ കോവിഡ് ബാധിച്ചത് . ഇതിൽ 224 പേരാണ് നിലവിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നത്.

Leave a Reply

Your email address will not be published.