അമ്പലവയൽ : കോവിഡ് ആശങ്കയിൽ അമ്പലവയൽ പഞ്ചായത്തിലെ
രണ്ടാം വാർഡായ കുമ്പളേരിയും പരിസരവും. പ്രദേശത്ത് മരിച്ചയാളുടെ മാതാപിതാക്കൾക്ക് കോവിഡ് സ്ഥീരികരിക്കുകയും മരണ ചടങ്ങിൽ പ്രദേശത്തുള്ള നിരവധി പേർ പങ്കെടുക്കുകയും ചെയ്തതാണ് പ്രദേശത്ത് ആശങ്ക വർധിപ്പിക്കുന്നത്. ഇവർക്ക് കോവിഡ് ബാധിച്ചത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ശനിയാഴ്ചയാണ് പ്രദേശത്ത് ക്യാൻസർ ബാധിതനായ യുവാവ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇവർ ചികിൽസ
തേടിയിരുന്നു. ഇവരുടെ കൂടെ പോയ ഭാര്യക്കും മാതാപിതാക്കൾക്കും കഴിഞ്ഞ ദിവസമാണ് പരിശോധന നടത്തിയത്. അതിൽ ഭാര്യക്ക് കോവിഡ് നെഗറ്റീവ് ആയെങ്കിലും മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പ്രാദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയത്. മരിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്തെ നിരവധി പേർ സമ്പർക്കത്തിലുണ്ടെന്നാണ് വിലയിരുത്തൽ. . ബത്തേരിയിലെ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട് മുൻപ് കണ്ടമെന്റ് സോണായി പ്രഖ്യാപിച്ച അമ്പലവയൽ ടൗൺ ഉൾപ്പെടുന്ന 5, 6, 7, 8, 13, 18 വാർഡുകളെ കണ്ടെയ്മെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ ഇന്ന് മുതൽ അമ്പലവയൽ ടൗൺ സാധാരണ നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി.
കോവിഡിന്റെ പശ്ചാത്തലത്തിൽ ജാഗ്രതയോടെ ആരോഗ്യ വകുപ്പ് പ്രദേശത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കി. ഇന്നലെ പ്രദേശത്ത് അനൗൺസ്മെന്റ് നടത്തി എല്ലാവരും ജാഗ്രത പാലിക്കാൻ നിർദേശം നൽകി. കൂടാതെ സമ്പർക്കത്തിൽ വന്നതായി സംശയമുള്ളവർ സ്വയംനിരീക്ഷണത്തിൽ പോകാനും ആരോഗ്യ വകുപ്പിന് ആ വിവരം. അറിയിക്കാനും നിർദേശമുണ്ട്. വരും ദിവസങ്ങളിലും ഇവിടം കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനങ്ങളും പരിശോധനകളും ആരോഗ്യ വകുപ്പ് വ്യാപകമാക്കും.