പാലിയേക്കര; ടോള്‍ പിരിച്ചത് നിര്‍മാണ ചെലവിനെക്കാള്‍ 80 കോടി രൂപയിലേറെ: പിരിവ് അവസാനിപ്പിക്കണമെന്ന് ഹർജി

 

തൃശൂര്‍: പാലിയേക്കര ടോള്‍ പിരിവ് ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. കോണ്‍ഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്തും ടി ജെ സനീഷ് കുമാറുമാണ് വിഷയത്തില്‍ കോടതിയെ സമീപിച്ചത്. ദേശീയപാതയില്‍ ഇടപ്പള്ളി മുതല്‍ മണ്ണുത്തി വരെയുള്ള ഭാഗത്തെ റോഡ് നിര്‍മാണത്തിന് ചെലവായതിലും 80 കോടി രൂപയിലേറെ തുക ഇതിനോടകം നിര്‍മാണ കമ്പനി ടോള്‍ പിരിച്ചുകഴിഞ്ഞതായി ഹർജിക്കൊപ്പം ഇവര്‍ സമര്‍പ്പിച്ച കണക്കില്‍ പറയുന്നു. ഹർജിയില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും ദേശീയപാതാ അതോറിറ്റിക്കും നോട്ടീസ് അയച്ചു. ഹർജി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ടോള്‍ പിരിക്കുന്നതെന്ന് കോടതിയില്‍ സമര്‍പ്പിച്ച വിവരാവകാശ രേഖയില്‍ പറയുന്നു. ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന ആവശ്യത്തില്‍ കരാര്‍ കമ്പനിയെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. ദേശീയ പാതയില്‍ ടോള്‍ പിരിക്കാനുള്ള അനുമതി രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊടുത്തത് നിയമവിരുദ്ധമാണെന്നും ഹർജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ നേരത്തെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

2020 ജൂണ്‍ മാസം വരെ കമ്പനി 801.6 കോടി രൂപ പിരിച്ചതായി ഹർജിക്കൊപ്പം സമര്‍പ്പിക്കപ്പെട്ട രേഖകളില്‍ പറയുന്നു. 64.94 കിലോമീറ്റര്‍ ദേശീയപാതയുടെ നിര്‍മാണത്തിന് 721.17 കോടി രൂപയാണ് ചെലവായത്. 2012 ഫെബ്രുവരിയിലാണ് മണ്ണുത്തി, ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍ പിരിവ് ആരംഭിക്കുന്നത്. പിന്നീട് 2020 ജൂണ്‍ മാസം വരെ നിര്‍മാണ ചെലവിനെ അപേക്ഷിച്ച് 80 കോടി രൂപ അധികം പിരിച്ചെടുത്തുവെന്നാണ് ഹർജിയിലെ ആരോപണം.