മലയാറ്റൂർ സ്‌ഫോടനം: പാറമട മാനേജർ അടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ

എറണാകുളം മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ പൊലീസ് മൂന്നു പേരെക്കൂടി അറസ്റ്റു ചെയ്തു. വിജയ പാറമട മാനേജർ ഷിജിൽ, എം.ഡി. ദീപക്, സാബു എന്നിവരാണ് കാലടി പൊലീസിന്റെ പിടിയിലായത്. പാറമട ഉടമ ബെന്നിയെ ബംഗളൂരുവിലേക്ക് കടക്കാൻ സഹായിച്ചവരാണ് ദീപകും സാബുവും.

വിജയ പാറമട ഉടമ ബെന്നി പുത്തേൻ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിൽ നിന്ന് പിടിയിലായത്. ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. കാലടി സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.

പാറമടയോട് ചേർന്ന് വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തിൽ ഈ മാസം 21ന് പുലർച്ചെയുണ്ടായ അപകടത്തിൽ തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണനും കർണ്ണാടക ചാമരാജ് നഗർ സ്വദേശി ഡി. നാഗയുമാണ് മരിച്ചത്.