തിരുവനന്തപുരത്ത് നിലവിലെ സാഹചര്യത്തിൽ ലോക്ക് ഡൗൺ പിൻവലിക്കാനാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇളവുകളെ കുറിച്ച് ചർച്ച ചെയ്യാനായി ചേർന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിയന്ത്രണങ്ങൾ തുടരുമെങ്കിലും ജനജീവിതം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കും
തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരിൽ 90 ശതമാനം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയെന്ന് യോഗം വിലയിരുത്തി. തീരദേശ മേഖലയിൽ പുല്ലുവിള, പൂന്തുറ എന്നിവിടങ്ങളിൽ സമൂഹവ്യാപനം റിപ്പോർട്ട് ചെയ്തതിനാൽ ലോക്ക് ഡൗൺ പിൻവലിക്കുന്നത് ഉചിതമാകില്ല.
അതേസമയം എന്തെല്ലാം ഇളവുകൾ വേണമെന്ന കാര്യത്തിൽ വൈകുന്നേരം ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തും. ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിലും യോഗം ചേരുന്നുണ്ട്. ജില്ലയുടെ പൊതുവായ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു