ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി സ്ഥാനമൊഴിയുകയാണ്. ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാന്‍റെ ഡയറക്ടർ സ്ഥാനമാണ് ഒഴിയുന്നത്. അഭിപ്രായ വിരുദ്ധത കണക്കിലെടുത്താണ് ഗാംഗുലി ഈ നീക്കത്തിന് തയ്യാറായത്.പുതിയ ഐപിഎൽ ടീമുകളിലൊന്നായ ലക്നൗ ഫ്രാഞ്ചൈസിയുടെ ഉടമ ആർപി സഞ്ജീവ് ഗോയങ്കയാണ് എടികെ മോഹൻ ബഗാന്‍റെയും ഉടമ. അതിനാൽ അഭിപ്രായ ഭിന്നതകൾ സൃഷ്ടിക്കപ്പെടുമെന്നുള്ള കണ്ടെത്തലിലാണ് ഗാംഗുലി ഡയറക്ടർ സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്.
ഉയർന്ന രണ്ട് ബിഡുകൾ സമർപ്പിച്ച ആർപിഎസ്ജി ഗ്രൂപ്പും സിവിസി ക്യാപിറ്റൽ പാർട്ണേഴ്സുമാണ് പുതിയ രണ്ട് ഐപിഎൽ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയത്. യഥാക്രമം ലക്നൗ, അഹ്മദാബാദ് ഫ്രാഞ്ചൈസികളാണ് ഇവർ ബിഡിലൂടെ നേടിയത്. 7090 കോടി രൂപയോടെ ആർപിഎസ്ജിയാണ് ഏറ്റവും ഉയർന്ന ടെൻഡർ സമർപ്പിച്ചത്. 5600 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ച സിവിസി രണ്ടാമത് എത്തി. 22 ഗ്രൂപ്പുകളാണ് പുതിയ ടീമുകൾക്കായി രംഗത്തുണ്ടായിരുന്നു.