തൃശ്ശൂർ കോർപറേഷൻ യോഗത്തിനിടെ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കയ്യാങ്കളി. മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗമാണ് ബഹളത്തിൽ കലാശിച്ചത്. മേയറെ കയ്യേറ്റം ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം ഭരണപക്ഷം തടഞ്ഞതോടെയാണ് സംഘർഷമുടലെടുത്തത്
മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനെതിരെ നേരത്തെ കോൺഗ്രസും ബിജെപിയും രംഗത്തുവന്നിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ചേ മാസ്റ്റർ പ്ലാൻ നടപ്പാക്കൂ എന്നായിരുന്നു മേയർ പറഞ്ഞത്. എന്നാൽ യോഗത്തിൽ ചർച്ച ചെയ്യാനുള്ള അവസരം പോലും നൽകാതെ പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു
പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച അടിയന്തര പ്രമേയം മേയർ അനുവദിച്ചില്ല. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ മേയറുടെ ചേംബറിലേക്ക് ഇരച്ചെത്തുകയും ഭരണപക്ഷ അംഗങ്ങൾ പ്രതിരോധിക്കാൻ എത്തുകയുമായിരുന്നു.
വാക്കേറ്റം തുടർന്ന് തമ്മിൽത്തല്ലിലേക്ക് വരെ നീണ്ടു. ഇരുപക്ഷത്തെയും അംഗങ്ങൾക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. പ്രതിപക്ഷം ഇതിനിടെ രാപ്പകൽ സമരം പ്രഖ്യാപിച്ചു. നാളെ ഉച്ച വരെ കൗൺസിൽ ഹാളിൽ കുത്തിയിരിക്കാനാണ് നീക്കം.