സമൂഹമാധ്യമങ്ങളിൽ കൊവിഡ് വാക്‌സിനേഷനെതിരെ വ്യാജപ്രചാരണങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുപ്രചാരണങ്ങൾക്ക് വിധേയരായി വാക്‌സിനെടുക്കാതിരിക്കുന്ന അവസ്ഥ ആർക്കുമുണ്ടാകരുത്.
വാക്‌സിനെടുത്താൽ രണ്ട് വർഷത്തിനകം മരിക്കുമെന്ന ഒരു വ്യാജ വാർത്ത സമൂഹ മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. അത് വ്യാജമാണെന്ന് ആ പ്രസ്താവന നൽകിയതായി വാർത്തയിൽ പറയുന്ന ശാസ്ത്രജ്ഞർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
മനുഷ്യരുടെ അതിജീവനം വലിയ പ്രതിസന്ധിയെ നേരിടുന്ന ഇതുപോലൊരു ഘട്ടത്തിൽ അത് കൂടുതൽ ദുഷ്‌കരമാകുന്ന പ്രചാരണങ്ങളിൽ ഏർപ്പെടുന്നവർ നീതികരിക്കാനാകാത്ത കുറ്റമാണ് ചെയ്യുന്നത്. അതുമനസ്സിലാക്കി ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
വാക്‌സിനേഷനാണ് മഹാമാരിയെ മറികടക്കാൻ ഏറ്റവും ഫലപ്രദമായ ആയുധം. കേരളത്തിൽ ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭിച്ച 60 വയസ്സിന് മുകളിലുള്ളവർക്കിടയിൽ രണ്ടാം തരംഗ രോഗവ്യാപനം കുറവാണെന്നും രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും ഗുരുതരമായ അവസ്ഥ നേരിടേണ്ടി വന്നില്ലെന്നതും വാക്‌സിനേഷൻ ഫലപ്രദമാണെന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.