സ്‌കൂൾ തുറക്കുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായി; ഇത്തവണ ഓൺലൈൻ സംവാദ ക്ലാസുകളും

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊവിഡ് പശ്ചാത്തലത്തിലാണ് പ്രവേശനോത്സവം അടക്കമുള്ള കാര്യങ്ങൾ നടക്കുന്നത്. പരിമിതികൾക്ക് അകത്തുനിന്ന് ഭംഗിയായി നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു

കൈറ്റ് വിക്ടേഴ്‌സിൽ നടക്കുന്ന വെർച്വൽ പ്രവേശനോത്സവം ലൈവിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പങ്കെടുക്കും. കുട്ടികളുടെ കലാപരിപാടികളും നടക്കും. ഇതിന് ശേഷം സംസ്ഥാനതല ഉദ്ഘാടനം പതിനൊന്ന് മണിക്ക് കോട്ടൺഹിൽ സ്‌കൂളിൽ നടക്കും.

വിക്ടേഴ്‌സ് ചാനൽ വഴി പാഠഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് പുറമെ അധ്യാപകരും കുട്ടികളും നേരിട്ടു കാണുംവിധം ഓൺലൈൻ ക്ലാസുകൾ സജ്ജീകരിക്കും. സ്‌കൂൾതല ഓൺലൈൻ ക്ലാസ് ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കാനാകൂ.

ഓൺലൈൻ സംവാദ ക്ലാസ് പത്താം ക്ലാസിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയേക്കും. സംവാദ ക്ലാസ് നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയ്യാൻ അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു. ജൂൺ ഒന്നിന് തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും

29ന് രാവിലെ 10 മണിക്ക് മണക്കാട് വെച്ചാണ് പാഠപുസ്തക വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം. എസ് എസ് എൽ സി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി. പ്ലസ് പൺ പരീക്ഷ സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടുവെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.