കേന്ദ്ര ബജറ്റിൽ റെയിൽവെയുടെ കാര്യത്തിൽ സംസ്ഥാനത്തോട് അവഗണന കാട്ടിയതിനെതിരെ ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ നിന്നുള്ള എംപിമാരോട് അഭ്യർത്ഥിച്ചു. എംപിമാരുടെ കോൺഫറൻസിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്കമാലി-ശബരി പാത, നേമം ടെർമിനൽ, കൊച്ചുവേളി ടെർമിനൽ,തലശ്ശേരി-മൈസൂർ പാത, കാഞ്ഞങ്ങാട്-പാണത്തൂർ-കണിയൂർ പാത എന്നീ കാര്യങ്ങളിലൊന്നും അനുകൂല പ്രഖ്യാപനമുണ്ടായിട്ടില്ല. എറണാകുളത്തിനും ഷൊർണ്ണൂരിനും ഇടയിലുള്ള ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനത്തിന്റെ കാര്യത്തിലും റെയിൽവെയുടെ ഭാഗത്തു നിന്ന് അവഗണനയാണുള്ളത്.
അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടുന്ന കാര്യത്തിലും എറണാകുളം- വേളാങ്കണ്ണി റൂട്ടിൽ പുതിയ തീവണ്ടി അനുവദിക്കുന്ന കാര്യത്തിലും ഇതേ സമീപനമാണ് റെയിൽവേക്കുള്ളത്. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ എൽ.എച്ച്.ബി കോച്ചുകൾ കൈകാര്യം ചെയ്യാനുള്ള സംവിധാനം കൊണ്ടുവരാനുള്ള നിർദ്ദേശം, കൊല്ലം, എറണാകുളം ജംഗ്ഷൻ സ്റ്റേഷനുകളുടെ നവീകരണം, കൊല്ലം മെമു ഷെഡ്ഡിന്റെ വിപുലീകരണം എന്നീ പദ്ധതികളുടെ കാര്യങ്ങളിലും നിഷേധാത്മക നിലപാടാണ് റെയിൽവെ കൈക്കാള്ളുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.