നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ; ആവശ്യമെങ്കിൽ സമൂഹ അടുക്കള ആരംഭിക്കും

 

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ ജില്ലകൾ കൂടി സി കാറ്റഗറിയിലേക്ക്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. നിലവിൽ തിരുവനന്തപുരം ജില്ല മാത്രമായിരുന്നു സി കാറ്റഗറയിലുണ്ടായിരുന്നത്.

ഈ ജില്ലകളിൽ ജിം, നീന്തൽക്കുളം, തീയറ്ററുകൾ എന്നിവക്ക് പ്രവർത്തനാനുമതിയുണ്ടാകില്ല. മതപരമായ ാരാധനകൾ ഓൺലൈൻ ആയി മാത്രമേ പാടുള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവസാന സെമസ്റ്റർ മാത്രം നേരിട്ട് ക്ലാസ് നടത്താം.

അതേസമയം ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കള ആരംഭിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാൻ നിർദേശം നൽകി. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാനാണ് തീരുമാനം. ജില്ലാ ചുമതലയുള്ള മന്ത്രിമാരാണ് യോഗം വിളിക്കേണ്ടത്.

ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും രോഗം വരുന്ന സാഹചര്യമാണുള്ളത്. ആരും പട്ടിണി കിടക്കാതിരിക്കുന്നതിന്റെ ഭാഗമായാണ് സമൂഹ അടുക്കള വീണ്ടും ആരംഭിക്കാൻ ആലോചിക്കുന്നത്.