തിരുവനന്തപുരം ദത്ത് കേസിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജെ.എസ്. ഷിജുഖാൻ. ഔദ്യോഗിക നിയമ നടപടികൾ തുടരുന്നതിനാൽ പ്രതികരിക്കാൻ കഴിയില്ല. കേസിലെ നടപടി ക്രമങ്ങള്‍ തുടരട്ടെയെന്നും ഷിജുഖാൻ പറഞ്ഞു.
ഷിജു ഖാനെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം ജില്ലാ നേതൃത്വം സ്വീകരിച്ചത്. ഷിജുഖാന്റെ ഭാഗത്തുനിന്ന് നിയമപരമായ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്. കുറ്റം തെളിയാത്ത പശ്ചാത്തലത്തില്‍ ആരെങ്കിലും സമരം ചെയ്യുന്നു എന്ന് കരുതി നടപടി എടുക്കാനാവില്ല. ഇനിയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഉന്നതരുടെ പേരുകള്‍ പുറത്തുവരുമെന്ന ഭയത്തിലാണ് പാര്‍ട്ടി ഷിജുഖാനെ സംരക്ഷിക്കുന്നതെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അനുപമ. ഷിജുഖാന്‍ മാത്രമാണ് ഇതിന്റെ പിന്നിലെന്ന് വിശ്വസിക്കുന്നില്ലെന്നാണ് അനുപമയുടെ വാദം. ആനാവൂര്‍ ഉള്‍പ്പടെയുള്ള ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. ശിശുക്ഷേമ സമിതി അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രിയുടെ മൗനം ആശങ്കയുണ്ടാക്കുന്നതാണെന്നും അനുപമ പറഞ്ഞു.