സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി: ശനിയാഴ്ച വരെ മഴ കനക്കും

 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ശനിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാളില്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ ഇന്നലെ രാത്രിമുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്. കടലും പ്രക്ഷുപ്തമാണ്.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റാന്നി താലൂക്കില്‍ കനത്ത മഴയില്‍ 500 കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് വിവരം. ഇവിടേക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം പുറപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.

തിരുവനന്തപുരം വിതുരയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ മുകള്‍ഭാഗം ഒലിച്ചുപോയി. കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു.