തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ പുറത്ത്. ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് ശിവശങ്കർ അറിഞ്ഞിരുന്നോ, സ്വപ്‌നയുമായുള്ള കൂടിക്കാഴ്ചകൾക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടോ എന്നതാണ് എൻഐഎ ഇന്നലെ പരിശോധിച്ചത്.
അതേസമയം ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് അറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കർ മൊഴി നൽകി. കമ്മീഷൻ ലഭിച്ചത് ശിവശങ്കറിനോട് പറഞ്ഞിട്ടില്ലെന്ന് സ്വപ്‌ന സുരേഷും എൻഐഎയോട് പറഞ്ഞു. സ്വപ്‌നയുമായുള്ള കൂടിക്കാഴ്ചകൾ വ്യക്തിപരമാണെന്നും കള്ളക്കടത്തുമായി ബന്ധമില്ലെന്നും ശിവശങ്കർ പറഞ്ഞു
ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചകളുടെ തീയതികളിലും അന്വേഷണ സംഘം വ്യക്തത വരുത്തി. അവസാനവട്ട ചോദ്യം ചെയ്യലിന് ശേഷം സ്വപ്‌ന സുരേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്വപ്‌നയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്.