സമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ ശനിയാഴ്‌ച മുതൽ കൈയിലെത്തും. മാർച്ചിലെ 1500 രൂപയും ഏപ്രിലിലെ വർധിപ്പിച്ച 1600ഉം ചേർത്ത് 3100 രൂപയാണ് ലഭിക്കുക. ബാങ്ക് അക്കൗണ്ട് വഴി പണം ലഭിക്കുന്നവർക്ക് മാർച്ചിലെ തുക വ്യാഴാഴ്‌ച മുതൽ അക്കൗണ്ടിലെത്തും. തുടർന്ന് ഏപ്രിലിലെ തുകയുമെത്തും. സഹകരണ സംഘങ്ങൾവഴി വാങ്ങുന്നവർക്ക് ശനിയാഴ്‌ച മുതൽ ലഭിക്കും. സാമ്പത്തിക വർഷാന്ത്യമായിട്ടും 1596.21 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്.
വിതരണം പൂർത്തിയാകുന്ന മുറയ്‌ക്ക് ആവശ്യമെങ്കിൽ കൂടുതൽ തുക നൽകും. മാർച്ചിലേക്ക് 772.36 കോടിയും ഏപ്രിലിലേക്ക് 823.85 കോടിയുമാണ് നീക്കിവച്ചത്. ഇതിൽ 1399.34 കോടി സാമൂഹ്യസുരക്ഷാ പെൻഷൻകാർക്കും 196.87 കോടി ക്ഷേമനിധി ബോർഡുകൾക്കും നൽകും. 49,41,327 സാമൂഹ്യസുരക്ഷാ പെൻഷൻകാരും 11,06,351 ക്ഷേമനിധി പെൻഷൻകാരുമുണ്ട്. ഈസ്‌റ്റർ, വിഷു പ്രമാണിച്ചാണ് പരമാവധി നേരത്തെ എല്ലാവർക്കും ഏപ്രിലിലെ അടക്കം പെൻഷൻ എത്തിക്കുന്നത്