ന്യൂഡല്‍ഹി: കേരളത്തിലെ കൊവിഡ് നിരക്കില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിലവില്‍ കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. കേരളത്തിലും മിസോറാമിലും കൊവിഡ് നിരക്ക് കുറയാത്തത് ആശങ്കയുണര്‍ത്തുന്നു. രാജ്യത്ത് ഇതുവരെ 358 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചു. 114 പേര്‍ രോഗമുക്തി നേടി. രാത്രി കര്‍ഫ്യൂ, ആള്‍ക്കൂട്ട നിയന്ത്രണം എന്നിവ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഡെല്‍റ്റയെക്കാള്‍ വ്യാപന ശേഷി ഒമിക്രോണിനാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊവിഡ്, ഡെല്‍റ്റ എന്നിവയുടെ ചികിത്സാ പ്രോട്ടോക്കോളുകള്‍ ഒമിക്രോണിനും ബാധകമാണ്.
ഒന്നാം തരംഗത്തെക്കാള്‍ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്റെ ആവശ്യത്തില്‍ 10 മടങ്ങ് വര്‍ധനയുണ്ടായിട്ടുണ്ട്. 20 ജില്ലകളില്‍ അഞ്ച് ശതമാനത്തിനു മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളത്തില്‍ 6.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ടി പി ആര്‍ നിരക്ക് കൂടുതലാണ്.