കൊവിഡ് ബാധിച്ച് മരിക്കുന്നയാളുടെ മുഖം അടുത്ത ബന്ധുക്കൾക്ക് അവസാനമായി കാണാനുള്ള അവസരം നൽകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മാർഗനിർദേശങ്ങളനുസരിച്ചാകും അനുമതി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിപ് തുറന്ന് മുഖം ബന്ധുക്കൾക്ക് കാണിക്കാം
കൊവിഡിനെ തുടർന്ന് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള മാർഗനിർദേശങ്ങൾ തദ്ദേശ സ്വയം ഭരണവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തിൽ നിന്ന് പെട്ടെന്ന് രോഗവ്യാപനം ഉണ്ടാകാനിടയുണ്ട്. അതിനാൽ മൃതദേഹം നേരിട്ട് കാണാനോ സംസ്‌കരിക്കാൻ ഒത്തുകൂടാനോ പാടില്ല
മൃതദേഹം അടുത്ത് നിന്ന് കാണരുത്. നിശ്ചിത അകലം പാലിച്ച് മതഗ്രന്ഥങ്ങൾ വായിക്കുക, മന്ത്രങ്ങൾ ഉരുവിടുക തുടങ്ങിയ മതപരമായ ചടങ്ങുകൾ നടത്താം. മൃതദേഹത്തെ കുളിപ്പിക്കാനോ ചുംബിക്കാനോ പാടില്ല. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളും മറ്റ് രോഗമുള്ളവരും മൃതദേഹവമായി നേരിട്ട് സമ്പർക്കമുണ്ടാകാൻ പാടില്ല.