രോഗവ്യാപനം കൂടുന്നു; പതിനാല് ജില്ലകളിലും ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം ജില്ലയിൽ അഞ്ച് ലാർജ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, പൂന്തുറ എന്നീ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുല്ലുവിളയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 671 പേരെ പരിശോധിച്ചപ്പോൾ 288 പേർ പോസിറ്റീവായി. ജില്ലയിൽ 17 ഫസ്റ്റ് ലൈൻ സെന്ററുകളിലായി 2103 കിടക്കൾ സജ്ജമാണ്. 1813 കിടക്കകളോടെ 18 ഫസ്റ്റ് ലൈൻ സെന്ററുകൾ ഉടൻ സജ്ജമാകും

കൊല്ലത്ത് 22 കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 4850 കിടക്കഖൾ സജ്ജീകരിച്ചു. 3624 കിടക്കളുള്ള 31 കേന്ദ്രങ്ങൾ ഒരാഴ്ചക്കുള്ളിൽ തയ്യാറാകും. പത്തനംതിട്ട ജില്ലയിലെ കുമ്പള ഒരു ലാർജ് ക്ലസ്റ്ററാണ്. 205 പേർക്ക് ഇവിടെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെന്റിൽ സമ്പർക്കത്തിലൂടെ 44 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ 75 പ്രാഥമിക കേന്ദ്രങ്ങളിലായി 7364 ബെഡ്ഡുകൾ സജ്ജമാക്കും. നിലവിൽ അഞ്ച് കേന്ദ്രങ്ങളിലായി 624 കിടക്കകളുണ്ട്

ആലപ്പുഴയിൽ തീരപ്രദേശത്തെ ക്ലസ്റ്റർ സജീവമായി നിൽക്കുന്നു. 29 പ്രാഥമിക കേന്ദ്രങ്ങളിലായി 3040 കിടക്കകൾ സജ്ജീകരിച്ചു. കോട്ടയത്ത് ക്വാറന്റൈനിലുള്ള കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ വർക്ക് ഫ്രം ഹോം രീതിയാണ് തുടരുന്നത്. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾക്കായി 53 കെട്ടിടങ്ങൾ ഏറ്റെടുത്തു.

ഇടുക്കിയിൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളില്ല. അഞ്ച് താലൂക്കുകൡലായി 5000ത്തോളം പേർക്ക് ബെഡുകൾ ഒരുക്കും. എറണാകുളത്ത് ലഭ്യമായ മൊത്തം ചികിത്സാ സൗകര്യത്തിൽ 39 ശതമാനം കിടക്കളാണ് വിനിയോഗിച്ചത്. 43 ശതമാനം ഐസിയുവും 29 ശതമാനം വെന്റിലേറ്ററുകളും ഉപയോഗത്തിലുണ്ട്. ആലുവയാണ് പ്രധാന ക്ലസ്റ്റർ. സമീപ പ്രദേശങ്ങളിലും രോഗം വ്യാപിക്കുന്നുണ്ട്. 109 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 5897 കിടക്കകൾ സജ്ജീകരിച്ചു. 21 സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സക്ക് സജ്ജമാണ്.

തൃശ്ശൂരിൽ 40 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. മുരുങ്ങിയാട് പഞ്ചായത്തിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കും. 30 കേന്ദ്രങ്ങളിലായി 6033 കിടക്കകൾ സജ്ജമാണ്. മലപ്പുറത്ത് മൂന്ന് കമ്മ്യൂണിറ്റി ക്ലസറ്ററുകളാണ്. ജില്ലയിൽ 59 കേന്ദ്രങ്ങളിലായി 5793 പേരെ ചികിത്സിക്കാനുള്ള സൗകര്യമൊരുക്കും.

വയനാട്ടിൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററില്ല. തൊണ്ടനാട് ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററാണ്. 20 കേന്ദ്രങ്ങളിലായി 2630 കിടക്കകൾ സജ്ജമാണ്. 5660 ബെഡുകൾ 52 കേന്ദ്രങ്ങളിലായി വരും ദിവസങ്ങളിൽ ഒരുക്കും. കോഴിക്കോടും രോഗവ്യാപന ഭീതി നിലനിൽക്കുന്നുണ്ട്. തൂണേരിയാണ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ. കണ്ണൂരിൽ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 7128 കിടക്കകൾ സജ്ജമാണ്. കാസർകോട് ആറ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളുണ്ട്. കാസർകോട് മാർക്കറ്റ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി.