കോൺഗ്രസിലെ ജംബോ കമ്മിറ്റിയിൽ പൊളിച്ചെഴുത്തുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. 51 അംഗ ഭാരവാഹി കമ്മിറ്റി മതിയെന്ന് രാഷ്ട്രീയ കാര്യസമിതി യോഗത്തിൽ ധാരണയായതായി കെ സുധാകരൻ അറിയിച്ചു.
കെപിസിസി പ്രസിഡന്റ്, മൂന്ന് വർക്കിംഗ് പ്രസിഡന്റുമാർ, മൂന്ന് വൈസ് പ്രസിഡന്റ്, 15 ജനറൽ സെക്രട്ടറി, ഒരു ട്രഷറർ എന്നീ നിലകളിലാണ് കെപിസിസിയിലെ ഭാരവാഹികൾ. സ്ത്രീ, ദളിത് പ്രാതിനിധ്യം ഉറപ്പുവരുത്തും. സ്ത്രീകൾക്കും എസ് സി, എസ് ടി വിഭാഗത്തിലെ നേതാക്കൻമാർക്കും 10 ശതമാനം സംവരണം നൽകുമെന്നും സുധാകരൻ പറഞ്ഞു
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ മൂന്ന് അംഗങ്ങൾ വീതമുള്ള അഞ്ച് മേഖലാ കമ്മിറ്റികളെ നിശ്ചയിക്കും. അച്ചടക്കം ഉറപ്പാക്കാൻ ജില്ലാതലത്തിൽ അച്ചടക്ക സമിതിയും സംസ്ഥാനതലത്തിൽ അപ്പീൽ അച്ചടക്ക സമിതിയും രൂപീകരിക്കും.
താഴെത്തട്ടിലുള്ളു പ്രവർത്തനത്തിനായി അയൽക്കൂട്ടം കമ്മിറ്റികൾ രൂപീകരിക്കും. ഇത് സെമി കേഡർ സംവിധാനത്തിലേക്ക് പാർട്ടിയെ സഹായിക്കും. രാഷ്ട്രീയ വിദ്യാഭ്യാസത്തിനായി പൊളിറ്റിക്കൽ സ്‌കൂൾ ആരംഭിക്കാൻ തീരുമാനിച്ചെന്നും സുധാകരൻ അറിയിച്ചു.