തിരുവനന്തപുരം വിമാനത്താവളം; സര്‍വീസുകളുടെ എണ്ണത്തില്‍ അടുത്താഴ്ച മുതല്‍ വര്‍ധിപ്പിക്കും

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നുള്ള പ്രതിവാര വിമാന സര്‍വീസുകളുടെ എണ്ണം അടുത്താഴ്ച മുതല്‍ വര്‍ധിക്കും. മാര്‍ച്ച് 27 മുതല്‍ ആരംഭിക്കുന്ന വേനല്‍ക്കാല ഷെഡ്യൂള്‍ പ്രകാരം 540 ആയി സര്‍വീസുകള്‍ ഉയരും. നിലവില്‍ 348 പ്രതിവാര സര്‍വീസുകളാണുള്ളത്.

അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രതിവാര ഫ്‌ളൈറ്റ് സര്‍വീസുകള്‍ 138 ആയി വര്‍ധിക്കും. നിലവില്‍ ഇത് 95 ആണ്. ഷാര്‍ജയിലേക്കാണ് ഏറ്റവുമധികം സര്‍വീസുകള്‍-ആഴ്ചയില്‍ 30. ദോഹയിലേക്ക് പതിനെട്ടും മസ്‌കത്ത്, ദുബൈ എന്നിവിടങ്ങളിലേക്ക് 17 വീതവും സര്‍വീസുകളുണ്ടാകും.

പ്രതിവാര ആഭ്യന്തര വിമാന സര്‍വീസുകള്‍ നിലവിലുള്ള 79ല്‍ നിന്ന് 132 ആയി ഉയരും. ബെംഗളൂരുവിലേക്കാണ് കൂടുതല്‍ സര്‍വീസുകള്‍. ആഴ്ചയില്‍ 28 വിമാനങ്ങള്‍ തിരുവന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തും. മുംബൈ-23, ചെന്നൈ, ഡല്‍ഹി-14 വീതം എന്നിവയാണ് കൂടുതല്‍ സര്‍വീസുകളുള്ള മറ്റ് ലക്ഷ്യസ്ഥാനങ്ങള്‍.