കെഎസ്ആര്‍ടിസി അങ്കമാലി യൂനിറ്റ് ജീവനക്കാരിയുടെ ആത്മഹത്യ; കുറ്റക്കാരനായ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി അങ്കമാലി യൂനിറ്റിലെ ജീവനക്കാരിയായ സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് അങ്കമാലി യൂനിറ്റിലെ സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റ് ഐപി ജോസിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. ഇയാള്‍ക്കെതിരെ വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2016ല്‍ ജീവനക്കാരിയെ ഐപി. ജോസ്, ഓഫിസില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ ജീവനക്കാരി അങ്കമാലി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും അതിന്‍പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കവെ 2016 നവംബര്‍ എട്ടിന് ജീവനക്കാരി ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പോലിസ് അറസ്റ്റ് ചെയ്ത ജോസിനെ സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്ക് കെഎസ്ആര്‍ടിസി കുറ്റപത്രം നല്‍കി. കുറ്റപത്രത്തിന് നല്‍കിയ മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടി ക്രമം പൂര്‍ത്തീകരിച്ച് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാന്‍ ഉത്തരവിട്ടത്.