സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; നാല് പേർ എറണാകുളത്ത് വിമാനമിറങ്ങിയവർ

 

സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ നാല് പേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എറണാകുളത്ത്, യുകെയിൽ നിന്നെത്തിയ 28, 24 വയസ്സുകാർക്കും അൽബാനിയയിൽ നിന്നെത്തിയ 35കാരനും നൈജീരിയയിൽ നിന്നെത്തിയ 40 വയസ്സുകാരനായ പത്തനംതിട്ട സ്വദേശിക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

യുകെയിൽ നിന്നെത്തിയ 28കാരൻ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോൺ സ്ഥിരീകരിച്ചത് ബംഗളൂർ വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് എത്തിയ 21കാരനാണ്. ഇതോടെ സംസ്ഥാനത്ത് 29 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 17 പേർ ഹൈ റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നും 10 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്.