സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നെതർലാൻഡിൽ നിന്നുമെത്തിയ രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനും ദുബൈയിൽ നിന്നെത്തിയ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ജനിതക സാമ്പിളുകൾ ഒമിക്രോൺ പരിശോധനക്കായി അയച്ചിട്ടുണ്ട്
കഴിഞ്ഞ ദിവസമാണ് കേരളത്തിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നെത്തിയ യാത്രക്കാരനായിരുന്നു രോഗബാധ. ഇയാളുടെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇയാളുടെ സമ്പർക്കപ്പട്ടിക വിപുലമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ അറിയിച്ചിരുന്നു.