രാജ്യത്ത് ഒക്ടോബർ മാസത്തോടെ കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്ന് റിപ്പോർട്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽ രൂപീകരിച്ച സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയത്. കേരളത്തിലെ അടക്കം കൊവിഡ് വ്യാപന തോത് ഉയർന്നുനിൽക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്
മൂന്നാം തരംഗത്തിൽ മുതിർന്നവരെ പോലെ കുട്ടികളിലും രോഗവ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കുട്ടികളിൽ രോഗവ്യാപനമുയർന്നാൽ ആശുപത്രികളിൽ നിലവിലുള്ള സൗകര്യങ്ങൾ പോരാതെ വരും. ഡോക്ടർമാർ, ജീവനക്കാർ, വെന്റിലേറ്റർ, ആംബുലൻസ് തുടങ്ങിയവയുടെ എണ്ണം കൂട്ടേണ്ടതായും വരും.
അനാരോഗ്യവും വൈകല്യവുമുള്ള കുട്ടികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ വാക്‌സിൻ നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ അവസാന ആഴ്ചയോടെ മൂന്നാം തരംഗം ഉച്ചസ്ഥായിയിൽ എത്തുമെന്നാണ് വിലയിരുത്തൽ. നിലവിൽ ആശുപത്രികളിലുള്ള കിടക്കകൾ, ഓക്‌സിജനറേറ്ററുകൾ തുടങ്ങിയവയൊക്കെ മൂന്നാം തരംഗത്തെ നേരിടാൻ ആവശ്യമായതിനേക്കാൾ വളരെ കുറവാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
The Best Online Portal in Malayalam