മലപ്പുറത്ത് ഇന്ന് കടുത്ത നിയന്ത്രണം; അനുമതി ഇവയ്ക്ക് മാത്രം

 

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തിര മെഡിക്കല്‍ സര്‍വ്വീസുകള്‍ക്ക് മാത്രമേ നാളെ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പുറത്തിറക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി എസ്പി സുജിത്ത് ദാസ് അറിയിച്ചു.

മലപ്പുറത്തിനായി ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി പരിശോധന 75,000 ആയി ഉയര്‍ത്തും. ജില്ലയില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും നിലവിലുളള നിയന്ത്രണങ്ങള്‍ ഫലവത്തായി നടപ്പിലാക്കുന്നതിന് ജില്ലാ ഭരണസംവിധാനത്തിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ കര്‍ശനമായ പരിശോധനകളാണ് മലപ്പുറത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമാനുസൃതമുളള എല്ലാ നടപടികളും സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാനവിഭാഗം എഡിജിപി, ഉത്തരമേഖല ഐജി എന്നിവര്‍ മലപ്പുറത്ത് ക്യാമ്പ് ചെയ്ത് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടിയിരിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഇന്നലെ രാവിലെ പിന്‍വലിച്ചു.