തിരുവനന്തപുരം: കൊവിഡ് കേസുകള്‍ പ്രതിദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മില്‍മ, സിവില്‍ സപ്ലൈസ്, ഹോര്‍ട്ടി കോര്‍പ്പ് സംയുക്തമായി ഹോം ഡെലിവറി സംവിധാനം ഒരുക്കും. കൂടാതെ ടെലിമെഡിസിന്‍ സംവിധാവനങ്ങളില്‍ കുടുതല്‍ സേവനങ്ങള്‍ ഉറപ്പാക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സമര്‍പ്പിച്ചു.
കടകളും ഹോട്ടലുകളും രാത്രി ഒമ്പത് മണിക്ക് ശേഷം അടയ്ക്കണം. തുറന്ന വേദികളിലെ പരിപാടികളില്‍ 200 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല, പൊതുപരിപാടികള്‍ രണ്ട് മണിക്കൂറ് കൂടാന്‍ പാടില്ല തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
എന്നാല്‍ ഉത്തരവ് ഇറങ്ങാത്തതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നില്ല.
ചിഫ് സെക്രട്ടറി സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉത്തരവ് ഇറങ്ങിയേക്കും. അതേസമയം, ബസ് യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ ഗതാഗത വകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തി. ഇന്ന് മുതല്‍ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.