തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച കുട്ടികളെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയിലെ പിതാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാറാ(45)ണ് അറസ്റ്റിലായത്. മര്‍ദ്ദനദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ ഇയാളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം പോലിസ് തേടിയിരുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കുട്ടികളെ മര്‍ദിക്കുന്നയാളെ കണ്ടെത്താന്‍ സഹായം തേടിയത്. ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലര്‍ നല്‍കിയ സൂചനകളില്‍ നിന്നും ഇയാള്‍ ആറ്റിങ്ങല്‍ സ്വദേശിയായ സുനില്‍കുമാര്‍ ആണെന്ന് സോഷ്യല്‍ മീഡിയ സെല്ലിന് വിവരം ലഭിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും ആറ്റിങ്ങല്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും സോഷ്യല്‍ മീഡിയ സെല്‍ വിവരം കൈമാറുകയായിരുന്നു. ആറ്റിങ്ങല്‍ പോലിസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അടിക്കല്ലേ അച്ഛാ എന്ന കുട്ടികള്‍ കരഞ്ഞ് പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് ചെവി കൊള്ളാതെ ഇയാള്‍ കുട്ടികളെ മര്‍ദ്ദിക്കുന്നത് തുടരുകയാണ്. ദൃശ്യങ്ങള്‍ എടുക്കുന്ന കുട്ടികളുടെ അമ്മയേയും ഇയാള്‍ മര്‍ദ്ദിക്കുന്നുണ്ട്.