രോഗവ്യാപനം രൂക്ഷമായി തുടരുന്നു; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കർശനമാക്കിയേക്കും; തീരുമാനം തിങ്കളാഴ്ച

 

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്നതിനാൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കിയേക്കും. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും.

പെരുന്നാള്‍ തിരക്കിന്റെ ആഘാതം കുറയും മുൻപെത്തിയ ഓണാഘോഷത്തില്‍ കോവിഡ് നിരക്ക് കുതിച്ചുയരുകയാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17 ശതമാനത്തിലേറെയാണ്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനം കൂടുതല്‍. കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതോടെ ബെഡുകളും ഐസിയുകളും അതിവേഗം നിറയുകയാണ്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ 72 ശതമാനം കിടക്കകളിലും രോഗികളുണ്ട്.

കാസര്‍കോട് 79 ശതമാനവും തൃശൂരില്‍ 73 ശതമാനവും കിടക്കകള്‍ നിറഞ്ഞു. കോഴിക്കോട് 6116 കിടക്കകളില്‍ 3424 എണ്ണത്തിലും പാലക്കാട് 5828ല്‍ 3864ലും രോഗികളുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ 40 ശതമാനത്തില്‍ താഴെ കിടക്കകളേ ബാക്കിയുള്ളൂ. ചികിത്സയിലുള്ളവരുടെ എണ്ണം നാല് ലക്ഷം വരെ ഉയരാമെന്നാണു വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണു നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതുള്‍പ്പെടെ തീരുമാനിക്കാന്‍ നാളെ അവലോകന യോഗം ചേരുന്നത്.