തൃശൂർ: വേലൂർ ചുങ്കത്തിനു സമീപം കോടശേരി കോളനിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു.വേലൂർ തണ്ടിലം മനയ്ക്കലാത്ത് വീട്ടിൽ കൃഷ്ണന്റെ മകൻ സനീഷാണ് മരിച്ചത്. യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചും കൊടുവാൾ കൊണ്ട് തലയ്ക്ക് വെട്ടിയും കല്ലുകൊണ്ടിടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.
ചിയ്യാരം ആലംവെട്ടുവഴി കോങ്ങാട്ടുപറമ്പിൽ ഇസ്മായിൽ , സുഹൃത്ത് മണ്ണുത്തി ഒല്ലൂക്കര വലിയകത്ത് വീട്ടിൽ അസീസ്, ഇസ്മായിലിന്റെ ഭാര്യ സമീറ എന്നിവരെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. സനീഷ് എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ടയാളും ഇസ്മായിലും അസീസും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളും തൃശൂരിലെ ഗുണ്ടാസംഘാംഗങ്ങളുമാണ്. കൊല്ലപ്പെട്ട സനീഷ് കോളനിയിലെ നിത്യ സന്ദർശകനായിരുന്നു. വ്യാഴാഴ്ച സന്ധ്യയോടെ കോളനിയിലെത്തിയ സനീഷ് സമീറയുടെ വീട്ടിൽവച്ചു പ്രതികളുമൊത്ത് മദ്യപിക്കുകയും ഇതിനിടയിൽ വാക്കുതർക്കവും വഴക്കുമുണ്ടാകുകയുമായിരുന്നു.
കോളനിയിലെ മറ്റു വീട്ടുകാർ ഇവരുടെ വഴക്കുകണ്ട‌് ഇവിടെ നിന്നു സ്ഥലം വിട്ടു. രാത്രി പത്തുമണിയോടെ പരിസരവാസികൾ എത്തിയപ്പാേഴും പ്രതികൾ സനീഷിനെ മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചവരെ ഇസ്മായിൽ കൊടുവാൾ വീശി ഭീഷണിപ്പെടുത്തി അകറ്റി. സനീഷിനെ ആശുപത്രിയിലെത്തിക്കാൻ ചിലർ ആംബുലൻസ് വരുത്തിയെങ്കിലും ആംബുലൻസ് ഡ്രൈവറെ ഇസ്മായിൽ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു.