കര്‍ഷകരുടെ പാര്‍ലമെന്റ് ധര്‍ണക്ക് ഇന്ന് തുടക്കം; സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷകരുടെ പാര്‍ലമെന്റ് ധര്‍ണക്ക് ഇന്നു തുടക്കം. ജന്തര്‍ മന്ദറിലെ സമരത്തില്‍ ഓരോ ദിവസവും 200 കര്‍ഷകര്‍ വീതം പങ്കെടുക്കും. സമ്മേളനം അവസാനിക്കുന്ന അടുത്തമാസം 13വരെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്തും. സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നീ സമരകേന്ദ്രങ്ങളില്‍ നിന്ന് പോലിസ് അകമ്പടിയോടെ പ്രത്യേക ബസുകളില്‍ എത്തുന്ന കര്‍ഷകര്‍ വൈകീട്ട് അഞ്ചുമണിവരെ ധര്‍ണ നടത്തും. രാത്രി കര്‍ഷകര്‍ അതിര്‍ത്തികളിലെ സമരവേദികളിലേക്ക് മടങ്ങും.

സമരത്തില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങളും തിരിച്ചറിയല്‍ രേഖയും ഓരോ ദിവസവും മുന്‍കൂട്ടി പോലിസിനു നല്‍കും. സമരത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്.സുരക്ഷയുടെ ഭാഗമായി സമരവേദിയില്‍ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിച്ചു. കര്‍ഷകര്‍ക്ക് പിന്തുണ അര്‍പ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികളും ധര്‍ണ നടത്തും.