മൂന്ന് വയസ്സുകാരിയുടെ തലച്ചോറിൽ ക്ഷതം, നട്ടെല്ലിനും പരുക്ക്; പരസ്പര വിരുദ്ധ മൊഴിയുമായി അമ്മ, ആരെ രക്ഷിക്കാൻ?

തൃക്കാക്കരയിൽ വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ മൂന്ന് വയസ്സുള്ള പെൺകുട്ടി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ തുടരുന്ന സംഭവത്തിൽ ദുരൂഹത തുടരുന്നു. തലയ്ക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും സാരമായി പരുക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോ സർജിക്കൽ ഐസിയുവിലാണ്.

കാക്കനാട് വാടകക്ക് താമസിക്കുന്ന 38കാരിയുടെ മകളെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതര മുറിവുള്ളതിനാൽ ഇതാരെങ്കിലും ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ ഹൈപ്പർ ആക്ടീവായ കുട്ടി സ്വയം ചെയ്തതാണ് ഇതൊക്കെയെന്നാണ് അമ്മ പറയുന്നത്. ഇവർക്കൊപ്പം താമസിക്കുന്ന ആന്റണി ടിജിൻ എന്നയാൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ രക്ഷപ്പെട്ടിരുന്നുു

കാമുകനായ ആന്റണി ടിജിനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് കുട്ടിയുടെ അമ്മ നടത്തുന്നതെന്ന സംശയവുമുണ്ട്. ഇയാളാണ് കുട്ടിയെ അതിക്രൂരമായി മർദിച്ചതെന്നാണ് സംശയിക്കുന്നത്. കുട്ടിയുടെ തലച്ചോറിൽ ക്ഷതമേറ്റിട്ടുണ്ട്. ഇടത് കൈയിൽ രണ്ടിടത്ത് ഒടിവ്, നട്ടെല്ലിന് പരുക്ക്, തല മുതൽ കാൽപാദം വരെ മുറിവുകളുമുണ്ട്. ഇതൊക്കെയാണ് കുട്ടി സ്വയം ചെയ്തുവെന്ന് സ്വന്തം അമ്മ തന്നെ ന്യായീകരിക്കുന്നത്