ഹിജാബ് നിരോധിക്കാനുള്ള ഏതൊരു ശ്രമവും സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ നിഷേധമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മുസ്‌ലിം സ്ത്രീയുടെ സ്വത്വത്തിന്റെയും അനിവാര്യമായ മതകീയ ആചാരത്തിന്റെയും ഭാഗമാണ് ശിരോവസ്ത്രം. ഇത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നതാണെന്നും കാന്തപുരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയുടെ ഭരണഘടനാ സംവിധാനങ്ങള്‍ എല്ലാ വിശ്വാസങ്ങളോടും ആചാരങ്ങളോടും മാന്യത പുലര്‍ത്തുന്നതാണ്. എല്ലാവരെയും പൂര്‍ണമായും ഉള്‍ക്കൊണ്ടു മുന്നോട്ട് പോകുന്ന സമീപനമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. വിശ്വാസം, സംസ്‌കാരം, വസ്ത്രധാരണം തുടങ്ങിയ എല്ലാ കാര്യത്തിലുമുള്ള ബഹുസ്വരതയാണ് രാജ്യത്തിന്റെ സ്വഭാവവും സൗന്ദര്യവും. വൈവിധ്യത്തിന്റെ ഈ സൗന്ദര്യമാകട്ടെ ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമാണ്. അത് സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് കാന്തപുരം പറഞ്ഞു.