ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇഎംസിസി മുഖ്യമന്ത്രിയെ കണ്ടതിൽ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുമായും ഫിഷറീസ് മന്ത്രിയുമായും കമ്പനി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു
മുഖ്യമന്ത്രിയോടോ ഫിഷറീസ് വകുപ്പിനോടോ ചർച്ച ചെയ്യാതെയാണ് കെഎസ്‌ഐഎൻസി എന്ന പൊതുമേഖലാ സ്ഥാപനം കരാർ ഉണ്ടാക്കാൻ തീരുമാനിച്ചത്. സർക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥർ അത്തരം നടപടി സ്വീകരിച്ചതെന്ന് കോർപറേഷൻ എംഡി എൻ പ്രശാന്തിനെ പരോക്ഷമായി സൂചിപ്പിച്ച് മന്ത്രി പറഞ്ഞു
ഐഎഎസുകാർക്ക് മിനിമം വിവരം വേണം. ഭൂമിയിലെ എല്ലാ കാര്യവും അറിയാമെന്ന് കരുതരുത്. 400 ട്രോളറുകൾ നിർമിക്കും എന്നൊക്കെ എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് മന്ത്രി ചോദിച്ചു. സർക്കാർ നയത്തിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥൻ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.